Friday, September 05, 2008

ഭൂമിയുടെ അവകാശി


കുറച്ചു നാളായുള്ള അന്വേഷണമാണ്

മഴ ഉള്ളപ്പോഴും
മഴ ഇല്ലാത്തപ്പോഴും

സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ ഒളിക്കുമ്പോഴും
ഭൂമിയിലേക്കു പെയ്തിറങ്ങുമ്പോഴും

അമ്പലപ്പറമ്പില്‍ പൂരം പുറപ്പെടുമ്പോഴും
ആറാട്ട് നടക്കുമ്പോഴും
അന്വേഷണം പുരോഗമിക്കുകയായിരുന്നു

ഏറെക്കാലത്തിനു ശേഷമാണു പെട്ടെന്ന് അവനെക്കുറിച്ച് ഓര്‍മ വന്നത്
ഇത്രയും കാലം എന്തേ അവനെ മറന്നു - ഉള്ളില്‍ ഒരു നീറല്‍

തുടര്‍ന്ന്‌
ഓരൊ ദിവസത്തെയും അന്വേഷണത്തിനു ശേഷം ആ സത്യം
എന്നെ ഭയപ്പെടുത്തി തുടങ്ങി..
ആദ്യമാദ്യം മനസ്സില്‍ ഒരു ചെറിയ അസ്വസ്ഥത രൂപപ്പെട്ടു വന്നു...
അതിനു ആകാരം വെച്ചു
അതിനു പിന്നെ ആനയുടെ വലുപ്പമായി

അന്വേഷണം ഞാന്‍ മതിയാക്കി
നാളെ പത്രത്തില്‍ ഒരു പരസ്യം കൊടുക്കണം

കുഴിയാനയെ കാണ്മാനില്ല.


ഭീരു

അറിയാതെയല്ല
ഈ വഴി തികചും ശൂന്യം
നടക്കാന്‍ തുടങ്ങിയിട്ടേറെ ആയില്ല
വഴി പിരിഞ്ഞിടത്തു നീ ഇപ്പോഴും നില്പുണ്ടെന്നു
വെറുതെ ആശിക്കുന്നു ഞാന്‍
തിരിച്ചു വരുന്ന എന്നെയും കാത്തു നീ നില്ക്കുന്നതു കാണാതെയല്ല
ആരും കൂട്ടിനില്ലാതെ ഈ വഴി നടക്കാന്‍ മോഹിച്ചതുമല്ല

ആകാശം എന്നെ നോക്കി കണ്ണടച്ചതാണോ
അതോ
നക്ഷത്രങങള്‍ വിരുന്നു പോയതാണോ
കാറ്റു പോലും ശബ്ദമുണ്ടാക്കാതെ എന്നെ തൊടാന്‍ മടിച്ചെന്ന പോലെയാണൊ പോകുന്നത്
എന്റെ കണ്ണീരിനെ മറക്കാനാണോ മഴ ആര്‍ത്തു പെയ്യുന്നത്

ഓര്‍മ്മയുടെ ഒരു വസന്തകാലം മനസ്സില്‍ കരുതിയതാണ്
കഴിഞ്ഞു വന്ന വഴികളില്‍ എവിടെയാണു പൂക്കള്‍ കൊഴിഞ്ഞു വീണത്
പുറകെ നീ വരുമെന്നും കൊഴിഞ്ഞ പൂക്കള്‍ പെറുക്കിയെടുക്കുമെന്നും ഞാന്‍ ആശിക്കുന്നതു ഇനിയും നീ

അറിയില്ലെന്നുണ്ടോ


എങ്കില്‍ ഞാന്‍ എകനാണ്.
അതായിരിക്കും എന്നെ ഏറെ ഭയപ്പെടുത്തുന്നതും.

ഒരു മഴ കൂടി വന്നിരുന്നെങ്കില്‍
തിരിഞ്ഞോടാമായിരുന്നു
നിന്നെ വാരിപ്പുണരാമായിരുന്നു...

Krishna Prakash Krishna Prakash My Facebook Link